ലണ്ടൻ: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലയുടെ സ്പന്ദനം മങ്ങിയിട്ടില്ലെന്ന് തെളിയിച്ച് കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "മലയാളി ഗോറ്റ് ടാലന്റ് 2026' ലിവർപൂളിൽ കലാഭരിതമായ തുടക്കം കുറിച്ചു.
ലിംക ലിവർപൂളിന്റെ ആത്മാർഥമായ ആതിഥേയത്വത്തിൽ മാർച്ച് 14ന് അരങ്ങേറിയ ഈ കലാമാമാങ്കം, സംഗീതവും നൃത്തവും നാടകവും മിമിക്രിയും വാദ്യകലകളും ഉൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ നിറക്കാഴ്ചയായി മാറി.
പ്രവാസി മലയാളികളുടെ കഴിവുകളും സാംസ്കാരിക ഐക്യവും ഒരേ വേദിയിൽ ചേർത്ത് നിർത്തിയ ഈ ഉത്സവം, പ്രേക്ഷകഹൃദയങ്ങളിൽ ആവേശവും അഭിമാനവും ഒരുപോലെ നിറച്ചു.
പ്രശസ്ത സിനിമാതാരവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ ലാൽ മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിൽ ലിംക പ്രസിഡന്റ് ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു.
യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ്, റീജിയണൽ പ്രസിഡന്റ് ഷാജി വാരാക്കുടി, ACAL പ്രെസിഡന്റ് ദിനേഷ് ഡാമിയൻ, WAMA പ്രസിഡന്റ് സുനിൽ മാത്യൂ ലിമ, എസിഎഎൽ, വാമ വാർറിംഗ്ടൺ എന്നിവയുടെ പ്രതിനിധികളും ചടങ്ങിനെ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി.
ലിംക സെക്രട്ടറി റീന ജോർജ്, ട്രഷറർ ആൻസി സ്കറിയ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.